വിദ്യാർത്ഥികൾ സമരം നിർത്തി, പുതിയ ഡയറക്ടര്‍ ഉടന്‍, പരാതികള്‍ പരിശോധിക്കാന്‍ സമിതി,’അടൂരുമായി സഹകരിക്കില്ല
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ജാതിവിവേചനം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിടുന്ന, ശങ്കര്‍ മോഹന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.
വിദ്യാര്‍ഥികളുടെ ആവശ്യങ്ങളില്‍ അനുഭാവപൂര്‍വ്വം തീരുമാനമെടുക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ശങ്കര്‍ മോഹന്‍ രാജിവെച്ച ഒഴിവിലേക്ക് പുതിയ ഡയറക്ടറെ ഉടന്‍ കണ്ടെത്തും. അക്കാദമിക വിഷയങ്ങളിലെ പരാതി പരിശോധിക്കാന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കും. കോഴ്‌സിന്റെ ദൈര്‍ഘ്യം സംബന്ധിച്ചുള്ള കാര്യങ്ങളും സമിതി പഠിക്കും.ഡിപ്ലോമകള്‍ സമയബന്ധിതമായി നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതുവരെ പഠനം പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും മാര്‍ച്ച് 31നകം സര്‍ട്ടിഫിക്കറ്റ് നല്‍കും. ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകള്‍ നികത്തും. പ്രധാന അധികാര സമിതികളില്‍ വിദ്യാര്‍ഥി പ്രാതിനിധ്യം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
സമരം അവസാനിപ്പിച്ചതായി വിദ്യാര്‍ഥികളും അറിയിച്ചു. എന്നാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ അടൂരുമായി സഹകരിക്കില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ചെയര്‍മാന്റെ ഭാഗത്ത് നിന്ന് ഉണ്ടായ കാര്യങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ശങ്കര്‍ മോഹനെ ശക്തമായി പിന്തുണച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം 50 ദിവസം കടന്ന പശ്ചാത്തലത്തിലായിരുന്നു ഉന്നത വിദ്യാഭ്യാസമന്ത്രിയുമായി ചര്‍ച്ച നടന്നത്.