സഹകരണ മേഖല അരാജകത്വത്തിലേക്ക്: പുതിയ തലമുറ സഹകരണ മേഖലയെ വെറുക്കുന്നു

 

അങ്കമാലി :നിയമം നടപ്പാക്കേണ്ട സർക്കാർ ഉദ്യോഗസ്ഥർ അതിന് തയ്യാറാകാത്തതിനെ തുടർന്ന് സംസ്ഥാനത്തെ സഹകരണ മേഖല തികഞ്ഞ അരാജകത്വത്തിലേക്ക് നീങ്ങുകയാണെന്ന് സാമൂഹിക, സാംസ്കാരിക ,പരിസ്ഥിതി പ്രവർത്തകനായ സി .ആർ നീലകണ്ഠൻ ചൂണ്ടിക്കാട്ടി '

  അങ്കമാലി അർബൻ സഹകരണ സംഘത്തിൽ നടന്ന 96 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിക്ഷേപക സംരക്ഷണ സമിതി അങ്കമാലി ജംഗ്ഷനിൽ കേരള ബാങ്കിൻ്റെ മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം '

 96 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടും ഈ പണം കൊണ്ടുപോയവരെ അറസ്റ്റ് ചെയ്യാൻ തയ്യാറാകാത്തത് അത്ഭുതകരമാണ്. മുക്കു പണ്ടം പണയം വെച്ച് പണം കൊണ്ടു പോയവരും ഇവരും തമ്മിൽ എന്താണ് വ്യത്യാസം.
മുക്കുപണ്ടത്തിന് പകരം ആധാരത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി വച്ചാണ് ഇക്കൂട്ടർ പണം തട്ടിയത്.
 സംഘം ലാഭവിഹിതം കൊടുക്കണമെങ്കിൽ ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റ് വേണം. ഇവിടെ അതുണ്ടായിട്ടില്ല. ഇവിടെ ഉണ്ടായത് രാഷ്ട്രീയ പിൻബലം മാത്രമാണ്. 

സഹകരണ സംഘത്തെ രക്ഷിക്കാൻ സർക്കാരിൻ്റെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാകുന്നില്ല. നിക്ഷേപകരുടെ തുക അനധികൃത വായ്പയിലൂടെ അടിച്ചുമാറ്റി കൊണ്ടുപോയ വരെ എന്തുകൊണ്ട് പ്രതികൾ ആക്കുന്നില്ല. പാവങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടാൻ ഇപ്പോൾ മുഖ്യധാര രാഷ്ട്രീയ കക്ഷികൾക്ക് താല്പര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 പുതിയ തലമുറ സഹകരണ പ്രസ്ഥാനത്തെ വെറുക്കുകയാണെന്നും നിക്ഷേപവുമായി സഹകരണ ബാങ്കുകളിലേക്ക് ആരും എത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  പുതിയ തലമുറ നിയമ സംവിധാനത്തിൽ വിശ്വസിക്കുന്നില്ല. സർക്കാർ ഉറപ്പിൽ പണം നിക്ഷേപിച്ചവർക്ക്പണം തിരികെ ലഭിക്കുന്നില്ല.
 പിന്നെ എന്ത് ഉറപ്പിലാണ് പണം നിക്ഷേപിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സമ്മേളനത്തിൽ നിക്ഷേപക സംരക്ഷണ സമിതി പ്രസിഡണ്ട് പി എ തോമസ് അധ്യക്ഷ വഹിച്ചു. ഭാരവാഹികളായ അഡ്വ. ചാർളി പോൾ,സി. പി സെബാസ്റ്റ്യൻ , ടി. കെ ചെറിയാക്കു., ഡോണി പോൾ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി ടൗണിൽ നിക്ഷേപകരുടെ ജാഥയും നടന്നു.


 


Comment As:

Comment (0)