തന്‍റെ ദുബായ് സന്ദര്‍ശനം സ്വകാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രാലയത്തിന് വിശദീകരണം നൽകി

പേഴ്സണല്‍ സ്റ്റാഫിന്റെ സന്ദര്‍ശനം ഔദ്യോഗികമാണെന്ന് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ വിശദീകരണ കുറിപ്പില്‍ പറഞ്ഞു.

യുകെ, നോര്‍വേ എന്നിവിടങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് സന്ദര്‍ശിച്ചത്. വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെയായിരുന്നു മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനം. പിന്നീട് അനുമതി തേടി മന്ത്രാലയത്തെ സമീപിച്ചെങ്കിലും പേഴ്സണല്‍ അസിസ്റ്റന്‍റിനെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്‌ വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. സ്വകാര്യ സന്ദര്‍ശനത്തിന് സര്‍ക്കാര്‍ ജീവനക്കാരെ കൂടെ കൂട്ടുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിശദീകരണം ആവശ്യപ്പെട്ടത്.

തന്റെ ദുബായ് സന്ദര്‍ശനം സ്വകാര്യമാണ്. പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷും ഒപ്പമുണ്ടെന്നും അദ്ദേഹം ഔദ്യോഗിക സന്ദര്‍ശനം ആണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ-ഫയല്‍ പരിശോധിക്കാനും മന്ത്രിസഭാ യോഗത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനും പേഴ്സണല്‍ സ്റ്റാഫിനെ കൂടെ കൊണ്ടുപോയെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ദുബായ് സന്ദര്‍ശനത്തിന്‍റെ മുഴുവന്‍ ചെലവും താന്‍ വ്യക്തിപരമായി വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Comment As:

Comment (0)