ലഹരി മാഫിയകളെ വളർത്തുന്ന പിണറായി സർക്കാർ അധികാരം ഒഴിയണം ജോസ് വള്ളൂർ
*ലഹരിമാഫിയകളെ വളർത്തുന്ന പിണറായി സർക്കാർ അധികാരം ഒഴിയണം: ജോസ് വള്ളൂർ.*
ആർക്കും നിയന്ത്രിക്കാൻ കഴിയാത്തവിധം ലഹരിമാഫിയകളെ വളർത്തുന്ന പിണറായി സർക്കാരിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് ജോസ് വള്ളൂർ പ്രസ്താവിച്ചു. തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ച് അനിയന്ത്രിതമായി മദ്യശാലകൾ അനുവദിച്ച സർക്കാരിനെതിരെ ജനരോഷം ഉയരാതിരിക്കുവാനാണ് ഒന്നാം പിണറായി സർക്കാർ വിമുക്തിമിഷനെന്ന പേരിൽ ലഹരിപദാർത്ഥങ്ങൾക്കെതിരെ ബോധവൽക്കരണ പ്രഹസനം ആരംഭിച്ചത്. അതിപ്പോൾ ദുർഭൂതത്തെ തുറന്നു വിട്ടതുപോലെ ആർക്കും നിയന്ത്രിക്കാൻ കഴിയാത്തവിധം കേരളമാകെ കൊലക്കളമാക്കി വിലസുകയാണെന്ന് ജോസ് വള്ളൂർ പറഞ്ഞു.
മദ്യ വിമോചന മഹാ സഖ്യം സംസ്ഥാന പ്രസിഡന്റ് ഇ എ ജോസഫിന്റെ മാരത്തോൺ പ്രഭാഷണം തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന യോഗത്തിൽ ഇ എ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
മദ്യമെന്ന ജനകീയ ലഹരി പദാർത്ഥം അത്രവലിയ അപകടമല്ലെന്ന് ജനത്തെ തെറ്റിധരിപ്പിക്കാനും സർക്കാരിന് വ്യാജ പ്രതിച്ഛായ സൃഷ്ടിക്കുവാനുമാണ് ലഹരിവിരുദ്ധ ബോധവൽക്കരണ പ്രഹസനം സർക്കാർ ആരംഭിച്ചത്. അത് ലഹരിവസ്തുക്കളുടെ പ്രചാരം കുട്ടികളിൽ വർദ്ധിപ്പിക്കുകയും കുട്ടിക്കുറ്റവാളികളെ സൃഷ്ടിക്കുന്നതിനും കാരണമായെന്ന് ജോസ് വള്ളൂർ അഭിപ്രായപ്പെട്ടു.
യോഗത്തിൽ മദ്യ വിമോചന മഹാ സഖ്യം സംസ്ഥാന ജനറൽ സെക്രട്ടറി കെ എ മഞ്ജുഷ, കെപിസിസി വിചാർ വിഭാഗ് തൃശൂർ ജില്ലാ ചെയർമാൻ ഡോ ജെയിംസ് ചിറ്റിലപ്പിള്ളി, പ്രൊഫ ആന്റോ കുണ്ടുകുളം, കേരള ഡെമോക്രാറ്റിക് പാർടി സംസ്ഥാന ജനറൽ സെക്രട്ടറി കെ സി കാർത്തികേയൻ, തൃശൂർ പബ്ലിക് ലൈബ്രറി ജോയന്റ് സെക്രട്ടറി കെ പി രാധാകൃഷ്ണൻ, കെ എസ് വൈ എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം എസ് സജിത്ത്, തോമസ് കരിപ്പായി, വിത്സൺ പണ്ടാരവളപ്പിൽ, ബേബി ജോജോ കല്ലൂക്കാരൻ, പോൾ ചെവിടൻ തുടങ്ങിയവർ പ്രസംഗിച്ചു.