സി.പി.എമ്മിനു പിന്നാലെ തെറ്റുതിരുത്തല്‍ ആഹ്വാനവുമായി സി.പി.ഐയും
സി.പി.എം. വ്യക്തമായ രേഖയുടെ അടിസ്ഥാനത്തിലാണ് തെറ്റുതിരുത്തല്‍ നടപടികള്‍ ആരംഭിച്ചതെങ്കില്‍ സി.പി.ഐ. സ്വയം തിരുത്തലിനു വിധേയരാകാനാണ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരിക്കുന്നത്. സി.പി.ഐയില്‍ കമ്യൂണിസ്റ്റ് മൂല്യബോധം കുറഞ്ഞുവരുന്നതായും വിലയിരുത്തലുണ്ട്.
കഴിഞ്ഞ സമ്മേളനങ്ങളില്‍ പല ജില്ലകളിലും വിഭാഗീയത പ്രകടമായതു കമ്യൂണിസ്റ്റ് മൂല്യബോധം കുറഞ്ഞുവരുന്നതിന്റെ സൂചനയാണെന്നു സി.പി.ഐ. ജില്ലാ സമ്മേളനങ്ങളുടെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ''ബൂര്‍ഷ്വാ പ്രവണതകളും പാര്‍ലമെന്ററി വ്യാമോഹവും പാര്‍ട്ടിക്കുള്ളില്‍ ശക്തിപ്പെടുന്നതിന്റെ സൂചനയാണ് മിക്ക ജില്ലാ സമ്മേളനങ്ങളിലും കണ്ട ശക്തമായ വിഭാഗീയത.
എറണാകുളത്തും ഇടുക്കിയിലും പാലക്കാടും ഉള്‍പ്പെടെ ഇതു പ്രകടമായി. മിക്ക ജില്ലകളിലും സെക്രട്ടറി, കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരമുണ്ടായി. വിഭാഗീയതയ്‌ക്കെതിരായ തിരുത്തല്‍ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കുന്നുണ്ട്. തെറ്റുതിരുത്തല്‍ പ്രക്രിയയ്ക്കു പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വയം വിധേയരാകണം. കമ്യൂണിസ്റ്റ് മൂല്യബോധം ശക്തിപ്പെടുത്താനാ വശ്യമായ പാര്‍ട്ടി വിദ്യാഭ്യാസം ശക്തമാക്കണം''- റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ അവലോകന റിപ്പോര്‍ട്ടിന്റെ കരട് അവതരിപ്പിച്ചു. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍നിന്ന് ഒഴികെയുള്ള റിപ്പോര്‍ട്ടുകളാണു സംസ്ഥാന സെന്ററിനു ലഭിച്ചത്. ഇവ ക്രോഡീകരിച്ചുള്ള റിപ്പോര്‍ട്ടാണ് സെക്രട്ടറി കാനം രാജേന്ദ്രന്‍ എക്‌സിക്യൂട്ടീവില്‍ വച്ചത്. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്കു ഉള്‍പ്പെടുത്തും.
ഇന്നും നാളെയും ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം റിപ്പോര്‍ട്ടില്‍ വിശദചര്‍ച്ച നടത്തും. കഴിഞ്ഞ ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനങ്ങളും എക്‌സിക്യുട്ടീവില്‍ റിപ്പോര്‍ട്ട് ചെയ്തു