ലൈഫ് മിഷൻ: പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചു, എറണാകുളം ജില്ലയിൽ 40,207 ഗുണഭോക്താക്കൾ
ലൈഫ് മിഷൻ രണ്ടാംഘട്ട അപ്പീലിന് ശേഷം പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ എറണാകുളം ജില്ലയിൽ 40,207 ഗുണഭോക്താക്കളാണ് ഉൾപ്പെട്ടിരിക്കുന്നത്. 23,276 ഭവന രഹിതരും 16,931 ഭവന രഹിതരായ ഭൂരഹിതരുമാണ് പട്ടികയിലുള്ളത്. രണ്ടാംഘട്ട അപ്പീൽ നൽകാനുള്ള സമയം അവസാനിച്ചപ്പോൾ ജില്ലയിൽ 360 അപ്പീലുകളും 3 പരാതികളുമായിരുന്നു ലഭിച്ചിരുന്നത്. ജില്ലാകളക്ടർ അധ്യക്ഷനായ സമിതി രണ്ടാംഘട്ട അപ്പീലുകൾ പരിശോധിച്ചതിന് ശേഷമാണ് പുതിയ കരട് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 55,601 അപേക്ഷകളായിരുന്നു ജില്ലയിലാകെ ലഭിച്ചിരുന്നത്. 34720 ഭൂരഹിതരുടെയും 20881
ഭൂരഹിതരായ ഭവന രഹിതരുടെയും അപേക്ഷകൾ ലഭിച്ചിരുന്നു.
ജില്ലയിലെ വിവിധ നഗരസഭകളിലായി 3631 പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ 803 ഭവനരഹിതരും 2828 ഭൂരഹിതരായ ഭവന രഹിതരും ഉൾപ്പെടുന്നു. 3682 ഗുണഭോക്താക്കളാണ് കോർപ്പറേഷനിൽ നിന്നും പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. 680 ഭവന രഹിതരും 3002 ഭൂരഹിതരുമാണ്. 32894 ഗുണഭോക്താക്കളാണ് വിവിധ പഞ്ചായത്തുകളിലായി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരിൽ 21793 ഭവന രഹിതരും, 11101 ഭൂരഹിതരായ ഭവന രഹിതരും ഉൾപ്പെടുന്നു.
പുതിയ പട്ടിക ഗ്രാമ/വാർഡ് സഭകളും, പഞ്ചായത്ത്/ നഗരസഭാ ഭരണ സമിതികളും ചർച്ച ചെയ്യും. മാനദണ്ഡങ്ങൾ വേണ്ടവിധം പരിശോധിച്ചിട്ടുണ്ടോ എന്നും മുൻഗണനാക്രമം പരിഗണിക്കപ്പെട്ടിട്ടുണ്ടോ എന്നും ഗ്രാമസഭകൾ വിശകലനം ചെയ്യും. ഓഗസ്റ്റ് 16നാണ് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുന്നത്.