മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെ ക്രമക്കേട് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ : അന്വേഷണം നടത്തിയാൽ സിപിഎം പങ്ക് വ്യക്തമാകും

 

 

തീക്കട്ടയിൽ ഉറുമ്പരിക്കുന്ന അവസ്ഥയാണിത്. പ്രത്യേക അന്വേഷണസംഘം വേണം. ഇല്ലെങ്കിൽ പ്രളയ ഫണ്ട് തട്ടിപ്പ് കേസിന്റെ അവസ്ഥയാകും. കുട്ടികൾ കുടുക്ക വരെ പൊട്ടിച്ച് നൽകിയ പണമാണ് അപഹരിക്കപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് സഹായം അനുവദിക്കുന്നത്. അന്വേഷണം നടത്തിയാല്‍ സി.പി.എം പങ്ക് വ്യക്തമാകും. പ്രളയഫണ്ട് തട്ടിപ്പില്‍ ഉള്‍പെടെ പാര്‍ട്ടിക്കാരെ സംരക്ഷിച്ചതിന്റെ ഫലമാണിത്. പ്രളയ ഫണ്ട് തട്ടിപ്പിൽ പാർട്ടിക്ക് വേണ്ടപ്പെട്ടവരെയാണ് സംരക്ഷിച്ചത്. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് അന്വേഷണം പ്രതിപക്ഷവും നിരീക്ഷിക്കും. ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം, ദുരിതാശ്വാസ നിധി തട്ടിപ്പിലെ വിജിലൻസ് അന്വേഷണം അപര്യപ്തമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. വിശദ അന്വേഷണത്തിന് സംഘത്തെ നിയോഗിക്കണം. പ്രളയ ഫണ്ട് തട്ടിപ്പ് ചൂണ്ടി കാണിച്ചപ്പോൾ പരിഹസിച്ചു, പ്രതികളെ സംരക്ഷിച്ചു എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇടനിലക്കാര്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ വൻതട്ടിപ്പ് നടന്നത്. ഓപ്പറേഷൻ സിഎംഡിആ‌എഫിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന തട്ടിപ്പാണ്. എറണാകുളം ജില്ലയിൽ സമ്പന്നരായ 2 വിദേശ മലയാളികൾക്ക് CMDRFൽ നിന്ന് സഹായം കിട്ടി. എറണാകുളത്ത് പണമനുവദിച്ച പ്രവാസികളിലൊരാൾക്ക് 2 ആഡംബര കാറുകളും വലിയ കെട്ടിടവുമുണ്ട്. ഭാര്യ അമേരിക്കയിൽ നഴ്സാണ്. രണ്ട് ലക്ഷം വരുമാന പരിധിയിലുള്ളവർക്കാണ് സഹായം അനുവദിക്കുക എന്നിരിക്കെയാണ് കുത്തഴിഞ്ഞ തട്ടിപ്പ്.

തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശിയായ ഏജന്‍റ് നൽകിയ 16 അപേക്ഷകളിലും സഹായം നൽകി. കരൾ രോഗിക്ക് ചികിത്സായ സഹായം നൽകിയത് ഹൃദ്രോഗിയാണെന്ന സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ. പുനലൂർ താലൂക്കിലെ ഒരു ഡോക്ടർ നൽകിയത് 1500 മെഡിക്കൽ സർട്ടിഫിക്കറ്റുകൾ. കരുനാഗപ്പള്ളിയിൽ ഒരു കുടുംബത്തിലെ നാലു പേരുടെ പേരിൽ രണ്ട് ഘട്ടമായി സർട്ടിഫിക്കറ്റുകൾ നൽകി പണം വാങ്ങി. കോട്ടയം മുണ്ടക്കയം സ്വദേശിക്ക് കരൾ രോഗത്തിനാണ് പണം അനുവദിച്ചത്. പക്ഷെ ഹാജരാക്കിയത് എല്ലുരോഗ വിദഗ്ദൻ നൽകിയ സർട്ടിഫിക്കറ്റ്. കോട്ടയത്തും ഇടുക്കിയലും ഇയാൾ സർട്ടിഫിക്കറ്റ് ഹാജരാക്കി പണം തട്ടി.

സംസ്ഥാനത്തുനീളം ഡോക്ടർമാരും ഇടനിലക്കാരും ഏജന്റുമാരും അടങ്ങുന്ന വൻ തട്ടിപ്പ് ശൃംഖല തന്നെ പണം കൈക്കലാക്കാൻ പ്രവർത്തിക്കുന്നു എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. വ്യാജ സർട്ടിഫിക്കറ്റ് വെച്ച് ഉദ്യോഗസ്ഥ ഒത്താശയോടെ അസുഖമില്ലാത്തവരുടെ പേരിലും പണം തട്ടുന്നത് ഒരു രീതി. അർഹതപ്പെട്ടവരുടെ കാര്യത്തിലാകട്ടെ, ഇടനിലക്കാരുടെ ബാങ്ക് അക്കൗണ്ടും വിവരങ്ങളും നൽകിയാണ് പണം തട്ടുന്നത്. ശക്തമായ തുടർനടപടികളിലേക്ക് പോകാനാണ് വിജിലൻസിന്റെ തീരുമാനം


Comment As:

Comment (0)